പെരുമാതുറ : അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന യാനങ്ങൾ അപകടത്തിൽപ്പെട്ടു. ഇന്നലെ വെളുപ്പിന് ആറോയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനു പോകവേ അഴിമുഖത്തുവച്ചു യാനങ്ങൾ തിരയിൽപ്പെടുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹോളിസ്പിരിറ്റ് എന്ന വള്ളവും പെരുമാതുറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫക്രുദീൻ അലി എന്ന വള്ളവുമാണ് അപകടത്തിൽപ്പെട്ടത്.
തിരയിൽപ്പെട്ടു നിയന്ത്രണംനഷ്ടപ്പെട്ട ഫക്രുദീൻ അലിയെന്ന കാരിയർ വള്ളം ഹോളിസ്പിരിറ്റ് എന്ന ഫൈബർ വള്ളത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹോളിസ്പിരിറ്റ് വള്ളം മറിയുകയും വള്ളത്തിലുണ്ടായിരുന്ന അഞ്ചുതെങ്ങ് വേലിമുക്ക് സ്വദേശി ഔസേഫ് ആന്റണി (47) കടലിലേക്കു തെറിച്ചു വീഴുകയുമായിരുന്നു.
തുടർന്നു സമീപത്തുണ്ടായിരുന്ന വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾ ഇയാളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. അപകടത്തിൽ ഹോളിസ്പിരിറ്റ് എന്ന വള്ളം പൂർണമായി തകരുകയും വള്ളത്തിലുണ്ടായിരുന്ന രണ്ട് ഔട്ട്ബോർഡ് എൻജിനുകൾ നഷ്ടപ്പെട്ടപെടുകയും ചെയ്തു. നാലു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.